എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ ബില്‍ പാസാക്കി ഹിമാചല്‍പ്രദേശ്
ഷിംല: എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്ഷന് അര്‍ഹതയുണ്ടായിരിക്കില്ല.
കൂറുമാറിയ എം.എല്‍.എമാര്‍ക്ക് പെന്ഷന് നല്‍കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. 'ഹിമാചല്‍ പ്രദേശ് നിയമസഭ(അംഗങ്ങളുടെ അലവന്‍സുകളും പെന്‍ഷനും) ഭേദഗതി ബില്‍ 2024' എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു ആണ് സഭയില്‍ അവതരിപ്പിച്ചത്.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യനാക്കപ്പെട്ടാല്‍, നിയമപ്രകാരം ആ വ്യക്തിക്ക് പെന്ഷന് അര്‍ഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിച്ച് ബില്ലില്‍ പറയുന്നു.
ബജറ്റ് അവതരണവേളയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സഭയില്‍നിന്ന് വിട്ടുനിന്ന ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ഈ വര്‍ഷം ഫെബ്രുവരിയില്‍ അയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ ആറ് എം.എല്‍.എമാരും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായാണ് വോട്ടുചെയ്തത്.