യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വരുന്നു
അബുദാബി: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി യുഎഇ. പദ്ധതി ഉടന്‍ നടപ്പില്‍ വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) അധികൃതര്‍ വ്യക്തമാക്കി.
ഐസിപി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ വിനോദസഞ്ചാരികളെ സഹായിക്കുന്ന പദ്ധതിയാണിതെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യപരിരക്ഷ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പോകുന്നവര്‍ക്കായി വിസാ ചട്ടത്തില്‍ യുഎഇ മാറ്റം വരുത്തിയിരുന്നു. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ 3000 ദിര്‍ഹം (67,884 രൂപ) പണമായോ അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് നിക്ഷേപമായോ കൈയ്യില്‍ കരുതണമെന്നും യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു. കൂടാതെ തിരികെയുള്ള യാത്രയുടെ ടിക്കറ്റും, താമസസൗകര്യത്തിനുള്ള രേഖകളും കൈയ്യില്‍ ഉണ്ടാകണമെന്നും പുതുക്കിയ വിസാ ചട്ടത്തില്‍ പറയുന്നു.
കൃത്യമായ വിസാ രേഖകളും കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള പാസ്പോര്‍ട്ടും കൈയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. കാലങ്ങളായി നിലവിലുള്ള നിയമമാണിത്. യാത്രക്കാരെ അധികൃതര്‍ കര്‍ശനമായി പരിശോധിക്കാന്‍ മുന്നോട്ടെത്തെത്തിയ പശ്ചാത്തലത്തിലാണ് ഈ നിയമം വീണ്ടും ചര്‍ച്ചയായത്.