ഈ രാത്രി!
ഓർക്കാതിരിക്കുന്ന
തെങ്ങനെ?
ആരുമുറങ്ങാത്ത
രാത്രി!!
ക്രിസ്മസ് രാത്രി!!!
മറിയം
ഉറങ്ങിയോ?
എങ്ങനുറങ്ങാൻ !
അരികിലാരുണ്ട്
തുണയായൊരു
സ്ത്രീപോലുമില്ല.
ആശ്വസിപ്പിക്കാൻ
ജോസഫ്,
ജോസഫ് മാത്രം !
ഉള്ളുനീറിപ്പിടയുന്ന
നോവിൽ
പിറന്നുവീണതോ
ദൈവപുത്രൻ!
ഉറങ്ങിയോ,
ജോസഫ് ?
എങ്ങനുറങ്ങാൻ?
പിതൃസ്ഥാനീയൻ
ദൂരത്തുകണ്ണുംനട്ടു
വെറുതെയിരിക്കുന്നു.
കാഴ്ച്ചകളിൽ
ഇരുട്ടുവീഴുന്നു
രാത്രി.
നക്ഷത്രങ്ങളുറങ്ങാത്ത
രാത്രി !
ഹേരോദാവിൻ്റെ
കൊട്ടാരം
ഉറങ്ങുന്നില്ല
ദുഷ്കർമ്മികൾ
അധികാരത്തിൻ
അകത്തളങ്ങളിൽ
ഭീതിപരത്തുന്നു
വിറച്ചുവോ സിംഹാസനം
ഉറങ്ങാതിരിക്കുന്നുവോ,
നൃപനും.
പടയാളികൾ
ഉറങ്ങാത്ത രാത്രി !
കുരുന്നുശിരസ്സുകൾ
അരിഞ്ഞു വീഴ്ത്തി
വീടുവീടാന്തോറും
വിലാപമുയർത്തിയ
രാത്രി !
ആരുമുറങ്ങാത്ത
രാത്രി!
സംഹാരദൂതൻ
കയറിയിറങ്ങിയ രാത്രി.
അലറിക്കരയുന്ന
കുഞ്ഞിൻ്റെ വാപൊത്തി
അമ്മമാർ ഒളിച്ചിരുന്ന രാത്രി!
സമാധാനമേകുവാൻ
സന്മനസ്സുള്ളവരെത്തേടി
പറന്നുവന്ന മാലാഖമാർ
ഉണർന്നു പാടിയ രാത്രി !
ലോക രക്ഷകന് സ്തുതി പാടിയ
ക്രിസ്മസ് രാത്രി!
ഇടയന്മാർ ഉറങ്ങാതെ
കാലിത്തൊഴുത്തിന്
കാവൽ നിന്ന രാത്രി
നക്ഷത്ര വെളിച്ചത്തിൽ
നിദ്രവെടിഞ്ഞ് ഒട്ടകത്തിൽ
സമ്മാനങ്ങളുമായി
രാജാക്കന്മാർ
എത്തിയ രാത്രി !!!
ഇന്ന്
സമാധാനപ്രഭു
പിറവിയെടുത്ത
മഞ്ഞുപൊഴിയുന്ന രാത്രി !
ആരുമുറങ്ങാത്ത രാത്രി !!
ആരും.. ആരും.. ആരും..
ഉറങ്ങാത്ത , ക്രിസ്മസ് രാത്രി!