സ്വർണം കൊണ്ടുപോകാൻ ഇ-വേ ബിൽ നിർബന്ധമാക്കി
തിരുവനന്തപുരം: സ്വർണത്തിന്‍റെയും, മറ്റ് വിലയേറിയ രത്‌നങ്ങളുടെയും കേരളത്തിനകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള ഉത്പന്നങ്ങളുടെ ചരക്ക് നീക്കത്തിനാണ് നിയന്ത്രണം.
സംസ്ഥാനത്തിനകത്തുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും (എക്‌സിബിഷൻ, ജോബ് വർക്ക്, ഹാൾമാർകിങ് തുടങ്ങിയവ), രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് വാങ്ങുന്ന സന്ദർഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി അല്ലെങ്കിൽ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കിൽ ഇ വേ ബിൽ നിർബന്ധമാണ്.
ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിന്‍റെ പാർട്ട്-എ ജനറേറ്റ് ചെയ്യേണ്ടതാണെന്നാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിക്കുന്നത്. കൂടുതൽ വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റ് പരിശോധിക്കാം.