''ഗ്ലോറിയസ് മെമ്മറീസ്": (സ്മരണാഞ്ജലി)
ചെറിയാൻ ടി കീക്കാട്., ദുബായ്
'മിന്നാ... മിനുങ്ങേ....മിന്നും മിനുങ്ങേ....
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ... പേടിയാവില്ലേ....
കൂട്ടിനു ഞാനും വന്നോട്ടെ.....’
2019 സെപ്തംബർ. 7 ശനി
ഗ്ലോറിയ ഓർമയായിട്ട് 5 വർഷം.
എന്റെ പ്രിയ മകളെ ഗ്ലോറിയ.......!
എല്ലാവരും ഓണാഘോഷ തിമിർപ്പിലാണെന്നറിയാം. ആഘോഷങ്ങളുടെ ശോഭ കെടുത്താനല്ല ഈ കുറിപ്പ്. പലരുടേയും മനസ്സിന്റെ ചുവരിൽ നിന്ന് നിന്റെ ചിത്രം മാഞ്ഞു പോയിട്ടുണ്ടാവും. മറവി ഒരു അനുഗ്രഹമാണ്.
പക്ഷേ എന്നെ 'പപ്പാ ' എന്ന് ആദ്യമായി വിളിച്ച നിന്നെ എനിക്കെങ്ങനെ മറക്കാനാവും. ഈറ്റുനോവിനേക്കാൾ അധികം വേദന സമ്മാനിച്ചു നിന്നെ നെഞ്ചോട് ചേർത്ത് നെറുകയിൽ ഒരു ചുംബനം നല്കാൻ കഴിയാത്ത നിന്റെ മമ്മി നിന്നെ എങ്ങനെ മറക്കും. നിന്റെ ചിത്രത്തിൽ നോക്കിയിരുന്ന് അവളുടെ കണ്ണൂകൾ നിറഞ്ഞു തുളുമ്പുന്നതു കാണാനാവാതെ, സന്ധ്യാ പ്രാർത്ഥന ചൊല്ലാൻ കഴിയാത്ത എന്റെ ഇടറിയ ശബ്ദം അവളും തിരിച്ചറിഞ്ഞു കാണും .
എന്റെ ഗ്ലോറിയ ......
മകളെ ! നീ എവിടെയാണ്?
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമായി ഞങ്ങൾക്കിടയിൽ പ്രകാശം ചൊരിഞ്ഞ് എങ്ങോട്ടാണ് നീ ഓടി മറഞ്ഞത് ?
നക്ഷത്രങ്ങൾക്കിടയിൽ നീ കൂടുകൂട്ടി ഒളിച്ചോ?
ദൈവത്തിൻ പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന റോസാപ്പൂവായി വിടർന്നുവോ ?
പറുദീയുടെ കാവൽക്കാരി മാലാഖമാരുടെ മധ്യേ കീരീടമണിഞ്ഞൊരു സംഗീത രാജ്ഞിയായി നീ സ്വരവീചികളെ തേടി പാടാൻ മറന്നൊരു പാട്ടിന്റെ ഈണമായി അലിഞ്ഞുവോ ?
ആട്ടിൻ പറ്റങ്ങളെ പോലുള്ള ശൈത്യകാല മേഘങ്ങളെ മേയിക്കുന്ന ഇടയ കന്യകയെ ,വർണ്ണങ്ങളുടെ ഇടയിൽ ഒരു ചിത്രശലഭമായി ഉല്ലാസ കൊട്ടാരത്തിൽ നീ പാറിപ്പറന്നു നടക്കുന്നുണ്ടാവും.?
ഇന്നും മനസ്സിന്റെ ജാലക വാതിലിൽ ഒരുവെള്ളരി പ്രാവായി നീ കുറുകിനില്ക്കുന്നു.....
എന്തിനായിരുന്നു എന്റെ പൊന്നു മോളെ ഇത്ര തിടുക്കം? ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് നീ പോയത്?
വെളുത്ത ഗൗണിട്ട് പള്ളിയിലെ ഗായക സംഘത്തോടൊപ്പം അൾത്താരയ്ക്കു മുമ്പിൽ നില്ക്കുമ്പോൾ ഒരു മണവാട്ടിയെപ്പോലെ നീ സുന്ദരിയായിരുന്നു.
കീരീടം വച്ച രാജകുമാരിയായി നീ പുതു മണവാളനോടൊപ്പം നില്ക്കുന്നത് ഒരു മാത്ര വെറുതെ ഞാൻ മോഹിച്ചു പോയി .......
എന്റെ സ്വപ്നങ്ങൾക്കു മീതെയാണ് നിയന്ത്രണം വിട്ട ആ ചരക്കുലോറി ഇടിച്ചു കയറിയത്.
വാസ്തുവിദ്യ വിദഗ്ധയാവാൻ കൊതിച്ച നിന്റെ സഹപാഠികളോടൊപ്പം നീ പണിതുയത്തിയ സ്വപ്ന വീട്, ഒറ്റ നിമിഷം കൊണ്ട് ഒരു പളുങ്കു കൊട്ടാരമായി തകർന്നടിഞ്ഞില്ലേ ??
പൊന്നു മോളെ ! എന്റെ സങ്കടം നീ അറിയുന്നുണ്ടാവുമോ എന്തോ?
നിന്റെ കുരുന്നു കൈകളിൽ പിടിച്ച് ആ പഴയ വഴിത്താരകളിലൂടെ വീണ്ടും ഒരിക്കൽ കൂടി നമുക്കു സഞ്ചരിക്കാം.
ഒരു യാത്രാമൊഴി പോലും പറയാതെ
അകലെ എവിടേയ്ക്കോ നീ പോയ് മറഞ്ഞു.
നിൻ്റെ കാല്പാടുകൾ പതിഞ്ഞ ഈ അജ്മാൻ കടൽ തീരത്തിലൂടെ ഞാൻ നടന്നപ്പോൾ ഒരു തിര വന്നെന്റെ കാലിൽ ചുംബിച്ചു പോയി. ആ തിരയോടു ഞാൻ പറഞ്ഞു "ഏഴാം കടലിനക്കരെ എന്റെ ഗ്ലോറിയമോളെ കണ്ടാൽ , എന്റെ ഈ സ്നേഹ ചുംബനം അവൾക്കു നല്കണം. അമ്മക്കും അനിയത്തിക്കുമിവിടെ സുഖമാണെന്നും പറയണം."
അപ്പോൾ ആകാശത്തുനിന്നൊരു ചെറുനക്ഷത്രം എന്നെ നോക്കി ചിരിക്കുണ്ടായിരുന്നു. അതവൾ ആയിരിക്കുമോ?
കരൾ നുറുങ്ങുന്നോർമ്മകളേകി അങ്ങ് ദൂരത്ത് നീ വിട്ടു പോയല്ലോ ..
മകളേ.......
ക്രൂശിൽ നിന്നിറക്കിയ ക്രിസ്തുവിൻ്റെ മൃതശരീരം മടിയിലേക്ക് ഏറ്റുവാങ്ങിയ
പെറ്റമ്മ മറിയത്തിൻ്റെ ഹൃദയ വേദനയുടെ തീവ്രത ഞാൻ അറിയുന്നു. മോർച്ചറിയിൽ നിന്നു പുറത്തേക്കു കൊണ്ടു വന്ന നിൻ്റെ ചലനമറ്റ ശരീരത്തിൽ എത്ര മുറിപ്പാടുകൾ ഉണ്ടെന്നു ഞാനറിഞ്ഞില്ല. അപ്പോഴും നിൻ്റെ മുഖത്ത് ആ പുഞ്ചരി സൂര്യവെളിച്ചം പോലെ ശോഭിച്ചിരുന്നു.
മകളെ !
നീ നല്കിയ ദീപ്തമായ സ്മരണകളെല്ലാം സ്നേഹത്തിന്റെ തുളസിത്തറയിൽ
കെട്ടുപോകാത്തൊരു മൺചിരാതായി കാത്തുസൂക്ഷിക്കും: വീണ്ടും അക്കരെ നാട്ടിൽ നാം കണ്ടുമുട്ടും വരെ .....
നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുവാൻ വിറയാർന്ന എന്റെ ചുണ്ടുകൾക്കാവുന്നില്ല.
കാരണം നീ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടല്ലോ.....
നിൻ്റെ പഠനമുറിയിലെ ഷെൽഫിൽ നീ അടുക്കി വച്ച നിൻ്റെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ. നിൻ്റെ കിടപ്പു മുറിയിലെ ചുമരിൽ നീ സൂക്ഷിച്ചു വച്ചിരുന്ന അലങ്കാര വസ്തുക്കൾ. നിനക്കു കിട്ടിയ സമ്മാനങ്ങളൊക്കെ ചില്ലിട്ട കൂട്ടിൽ പൊടി പിടിക്കാതെ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. നീ പോയതോടുകൂടി ഞങ്ങളുടെ ജീവിതത്തിലും ആഘോഷങ്ങൾ ഇല്ലാതെയായി. ഒരുപക്ഷേ ജീവിച്ചിരുന്നുവെങ്കിൽ നീ വിവാഹിതയായി നിൻ്റെ ഭർത്താവുമായി, ഞങ്ങളുടെ പേരക്കിടാവിനോടൊപ്പം ഈ ഓണത്തിനെങ്കിലും ഓണ സദ്യ ഉണ്ണാൻ വരുമെന്ന് വെറുതെ മോഹിച്ചു പോയി.......
എങ്കിലും എന്റെ വിഷാദങ്ങളുടെ മിഴിനീരിൽ നിന്റെ പദനിശ്വനത്തിനായ് ഞാൻ കാതോർത്തിരിക്കാറുണ്ട് , ഒരിക്കലും മടങ്ങിവരില്ല എന്നറിയാമായിരുന്നീട്ടും.....
ഓർമ്മ പൂക്കൾ കൊണ്ട് സ്മരണാഞ്ജലി.......
സ്വന്തം
പപ്പാ അമ്മ അനിയത്തി