വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പുകൾ വേഗം പൂർത്തിയാകട്ടെ

Jan 1, 2025 - 20:12
Jan 2, 2025 - 05:30
 0  17
വയനാട് ദുരന്തബാധിതർക്കായുള്ള  ടൗൺഷിപ്പുകൾ വേഗം പൂർത്തിയാകട്ടെ

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞ ജൂലൈ 30ന് നാനൂറിലേറെ പേരുടെ മരണത്തിനും നാശനഷ്ടങ്ങൾക്കുമിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും വസ്തുവകകളും ഉറ്റവരുമടക്കം സർവവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടു ടൗൺഷിപ്പുകൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലുമായാണ്  ടൗൺഷിപ്പുകൾ  സ്ഥാപിക്കുന്നത്. കൽപ്പറ്റയിൽ 58.5 ഹെക്റ്ററും നെടുമ്പാലയിൽ 48.96 ഹെക്റ്ററും ടൗൺഷിപ്പുകൾക്കായി ഏറ്റെടുക്കുകയാണ്.  ഈ ടൗൺഷിപ്പുകളിൽ  വീടുകൾക്കു പുറമേ മാർക്കറ്റും ആരോഗ്യകേന്ദ്രവും വിദ്യാലയവും അ​ങ്ക​ണ​വാടിയും കളിസ്ഥലങ്ങളും വൈദ്യുതിയും കുടിവെള്ളവും അടക്കമുള്ള  സൗകര്യങ്ങളും ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി  വിശദീകരിച്ചത് .


750 കോടി രൂപ മുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്  നൽകിയിരിക്കുന്നത്. കൽപ്പറ്റയിലെ ടൗൺഷിപ്പിൽ അഞ്ചു സെന്‍റിൽ 1,000 ചതുരശ്രയടി വീടുകൾ ഉയരും . നെടുമ്പാല  ടൗൺഷിപ്പിൽ 10 സെന്‍റിലാണ്  1,000 ചതുരശ്രയടി വീടുകൾ ഉയരുക . രണ്ടു നില നിർമിക്കുന്നതിനുള്ള അടിത്തറ വീടുകൾക്കുണ്ടാവുമെന്നും  ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമാണമാണ് നടപ്പാവുക എന്നും സർക്കാർ ഉറപ്പ് നൽകുന്നു .


 വയനാട്ടില്‍ രണ്ട് ഗ്രാമങ്ങളെയാകെ പിഴുതെറിഞ്ഞ ഉരുള്‍പൊട്ടലും പ്രളയവും നടന്നിട്ട് അഞ്ച് മാസമാകുമ്പോഴാണ് പുനരധിവാസപദ്ധതികൾക്ക് തുടക്കമാകുന്നത്.  ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ആയിരക്കണക്കിനു പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

ഇതിനിടെ  വയനാട്ടിലെ ഉരുൾപൊട്ടലുകൾ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയിൽ വരുന്നവയാണെന്ന് ദുരന്തമുണ്ടായി അഞ്ച് മാസങ്ങൾക്കുശേഷം കേന്ദ്ര സർക്കാർ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. ദുരന്തത്തിന്റെ തീവ്രത അനുസരിച്ചാണ് കേന്ദ്ര സഹായ വിതരണമെന്നതിനാൽ  സംസ്ഥാന സർക്കാരും വയനാട്ടിലെ ദുരിത ബാധിതരും സംസ്ഥാനത്തെ  രാഷ്ട്രീയ കക്ഷികളുമെല്ലാം ഈയൊരു പ്രഖ്യാപനത്തിനായി  കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇതുവരെയും സാമ്പത്തികസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് നിരാശാജനകം. 

ദുരന്ത മേഖലയിൽ  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന കാലതാമസവും കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കാതിരുന്നതും  പുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വന്ന പിഴവും കാലതാമസവും, ഭൂമി കണ്ടെത്തലിൽ വന്ന താമസവുമൊക്കെയാണ്  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകിച്ചത്. 

പുനരധിവാസ പദ്ധതിക്ക് വേണ്ടി 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും കേന്ദ്രം പരിഗണിച്ചതേയില്ല.  പുനരധിവാസം സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നാണ് ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് . കേന്ദ്ര സഹായം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭവുമായി രംഗത്തു വന്നു. ഇതോടെയാണ്  ഡിസംബർ  22ന് ചേര്‍ന്ന മന്ത്രിസഭായോഗം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ തീരുമാനിച്ചതും പിന്നാലെ ടൗൺഷിപ്പുകൾ പ്രഖ്യാപിച്ചതും .

അമ്പതു വീടുകളിൽ കൂടുതൽ നിർമിച്ചു നൽകാമെന്ന് അറിയിച്ചവരുമായും  നൂറു വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന്‍റെ പ്രതിനിധിയുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു .

എത്രയും പെട്ടന്ന് തടസങ്ങൾ നീങ്ങി ടൗൺഷിപ്പുകളുടെ നിർമാണം പൂർത്തിയാവട്ടെ. ലോകമെങ്ങുമുള്ള മലയാളികളുടെ സഹായങ്ങൾ ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ പ്രയോജനപ്പെടട്ടെ.  ഇതിനൊപ്പം തന്നെ കേന്ദ്രസഹായവും സർവ്വതും നഷ്ടപ്പെട്ട  ദുരന്തബാധിതർക്ക് ലഭിക്കുക തന്നെവേണം.ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉദാരമായ സമീപനം ഉണ്ടാവണമെന്ന് ദുരന്തബാധിതരും കേരളത്തിലെ ജനങ്ങളും ഒരുപോലെ ആഗ്രഹിക്കുന്നു. എങ്കിലേ പുനരധിവാസപ്രവർത്തനങ്ങൾക്ക് വേഗം കൈവരൂ.