വേമ്പനാട് കായലിലെ
ഓളങ്ങളോട്
ഞാൻ ചോദിച്ചു.
"നിങ്ങൾക്ക് അറിയാമോ
ജോസഫ് മുരിക്കനെ ?"
"ഞങ്ങൾക്ക്
എല്ലാവരെയും അറിയാം ,
നിങ്ങളെയും അറിയാം"
കായലോളങ്ങൾ കുലുങ്ങിച്ചിരിച്ചു.
"ഞങ്ങളെയോ? "
" അതെ, ചിലപ്പോൾ നിങ്ങൾക്ക്
കായൽ രക്ഷിക്കണമെന്ന് തോന്നും
നിങ്ങൾ പരിസ്ഥിതി പ്രവർത്തകർക്കൊപ്പം
പായൽ വാരാനിറങ്ങും
ചിലപ്പോൾ നിങ്ങൾക്ക്
നെൽക്കൃഷി രക്ഷിക്കണമെന്ന്
തോന്നും,
നിങ്ങൾ മുരിക്കനോടൊപ്പം
കായൽ നികത്താനിറങ്ങും.
ചിലപ്പോൾ നിങ്ങൾക്ക്
കർഷകരെ രക്ഷിക്കാൻ തോന്നും
അപ്പോൾ നിങ്ങൾ മുരിക്കനെതിരെ
കർഷകസമരത്തിനിറങ്ങും
ചിലപ്പോൾ നിങ്ങൾക്ക്
രാജ്യത്തെ രക്ഷിക്കണമെന്ന്
തോന്നും
രാജ്യരക്ഷയ്ക്ക് വേണ്ടി
നിങ്ങൾ മുരിക്കൻ്റെ ഭൂമി
പിടിച്ചെടുക്കാനിറങ്ങും.
നാട്ടുരാജാവിന് നാടും
കാട്ടുരാജാവിന് കാടും
കായൽ രാജാവിന്
കായലും നഷ്ടപ്പെട്ടു.
സ്വാതന്ത്ര്യത്തിൻ്റെ
സ്വർണ്ണപഥങ്ങളിൽ
രാജ്യം മുന്നോട്ടുപോയി
ഏറ്റവും ഒടുവിൽ
എന്തു സംഭവിച്ചു
നെൽക്കൃഷി രക്ഷപ്പെട്ടോ ?
കർഷകർ രക്ഷപ്പെട്ടോ?
രാജ്യം രക്ഷപ്പെട്ടോ?
എല്ലാവരും
നാട്ടിൽ നീന്ന് രക്ഷപ്പെട്ട്
വിദേശത്താണ്.
എങ്ങും പോകാതെ
ഇവിടെത്തന്നെ നിന്ന നിങ്ങൾ
പൊറോട്ട തിന്ന്
തൃപ്തരായി കഴിയുന്നു.
നാടുവിട്ട കർഷകൻ
ധനിരായി തിരിച്ചുവന്നു
അവരാരും
കഞ്ഞി കുടിക്കാൻ വന്നില്ല
നെൽപ്പാടങ്ങൾ
അന്വേഷിച്ചുമില്ല
നിങ്ങളെപ്പോലെ
പൊറോട്ട തിന്നാൻ
അവരും ശീലിച്ചു
കായലും പുഴകളും
മലകളും കാണാൻവന്ന
വിദേശികൾ മാത്രം
കഞ്ഞി അന്വേഷിച്ചു
അവർക്ക് വേണ്ടി
സ്റ്റാർ ഹോട്ടലുകൾ
കഞ്ഞിയുണ്ടാക്കാൻ
അരിയന്വേഷിച്ചു.
അവർക്ക് വേണ്ടി നിങ്ങൾ
പാടങ്ങളിലെ വാഴവെട്ടി
നെൽക്കൃഷി വീണ്ടും തുടങ്ങി.
അനന്തരം വാഴക്കൃഷിക്കാരും
വിദേശത്തേക്ക് പറന്നു.
കായലോളങ്ങൾ
സംഭാഷണം നിർത്തി
വീണ്ടും കുലുങ്ങിച്ചിരിക്കാൻ തുടങ്ങി