ബഹ്റൈന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാതോലിക്കാ ബാവക്ക് സ്വീകരണം

ബഹ്റൈന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാതോലിക്കാ ബാവക്ക് സ്വീകരണം

 

മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഒക്ടോബര്‍ ആറ് മുതല്‍ 10 വരെ ബഹ്റൈന്‍ സന്ദര്‍ശിക്കുമെന്ന് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തശേഷമുള്ള പ്രഥമ സന്ദര്‍ശനമാണ് അദ്ദേഹം നടത്തുന്നത്. ഇടവകയുടെ 64ാമത് പെരുന്നാള്‍ ആഘോഷവും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കാതോലിക്കാ ബാവക്ക് സ്വീകരണം നല്‍കും. സ്വീകരണ ഘോഷയാത്രയും പൊതുസമ്മേളനവും ഇതോടപ്പം നടക്കും. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ബഹ്റൈന്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറിയും എന്‍.ജി.ഒ സപ്പോര്‍ട്ട് ഡയറക്ടറുമായ നജ്‍വ അല്‍ ജനാഹി, ദിസ് ഈസ് ബഹ്റൈന്‍ ചെയര്‍പേഴ്സണ്‍ ബെറ്റ്സി മത്തിയേസണ്‍, ലബനോന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ ആര്‍ച്ച്‌ ബിഷപ്പ് അബ്ബ ദിമെത്രോസ്, മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ വൈദിക ട്രസ്റ്റി ഫാ. ഡോ. വര്‍ഗീസ് അമയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

ബഹ്‌റൈനിലെ സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികളും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. പോള്‍ മാത്യൂസ് അറിയിച്ചു.

ഇടവകയുടെ 64ാമത് പെരുന്നാളിന് കാത്തോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക പുനഃരുദ്ധാരണ കമ്മിറ്റി അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. പെരുന്നാളിനോടനുബന്ധിച്ച്‌ നടക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‌ കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ ഒമ്ബതിന് കാത്തോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടത്തും.

വാര്‍ത്തസമ്മേളനത്തില്‍ ഇടവക സഹവികാരി ഫാ. സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി സാമുവല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി, പബ്ലിസിറ്റി കണ്‍വീനര്‍ എബ്രഹാം സാമുവല്‍, പ്രോഗ്രാം കണ്‍വീനര്‍ ലെനി പി. മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ബോണി മുളപ്പാംപറമ്ബില്‍, സന്തോഷ് മാത്യു എന്നിവരും പങ്കെടുത്തു.