കാടിന്റെ റൂൾബുക്ക് കീറിയെറിഞ്ഞ് ബോട്സ്വാന സിംഹങ്ങൾ: ലീലാമ്മ തോമസ്

കാടിന്റെ റൂൾബുക്ക് കീറിയെറിഞ്ഞ്  ബോട്സ്വാന  സിംഹങ്ങൾ: ലീലാമ്മ തോമസ്

 

ബോട്സ്വാനയിലെ സിംഹങ്ങൾ കാടിന്റെ റൂൾബുക്ക് കീറി കളഞ്ഞു എന്നു
പറഞ്ഞാൽ നിങ്ങൾക്കു മനസ്സിലായേക്കില്ല . ഇവിടെ കാടിനു നിയമം ഉണ്ട്. പ്രകൃതി അനുസരിപ്പിക്കും അതാണ് ബോട്സ്വാനയുടെ സൗന്ദര്യം. ഓരോ മൃഗങ്ങളുടെയും  വർഗ്ഗങ്ങൾ ഓരോ സ്ഥലങ്ങൾ കയ്യേറി അവിടെ വിഹരിക്കും, അതാണ് രീതി,  അവർക്ക്  അവരുടെ സ്വകാര്യത ഉണ്ട്.


എന്നാൽ ഇപ്പോൾ മൃഗങ്ങളുടെ നേരെയുള്ള മനുഷ്യന്റെ ചൂഷണംഅവയെ പ്രകോപിപ്പിക്കുന്നു , അതുകൊണ്ട് ഒരിടത്ത് കേന്ദ്രീകരിക്കാതെ  കാടിന്റെ ചിട്ടതെറ്റിച്ചു, മൃഗങ്ങൾ  ചിതറി നടക്കുന്നു. അതാണ് റുൾ ബുക്ക്‌ കീറിക്കളഞ്ഞുയെന്നു പറഞ്ഞത്.


ചൈനക്കാർ ഈ സിംഹങ്ങളെ  കൊന്ന് അവയുടെ  ഇറച്ചി തിന്നു ജവാന്മാരെ പോലെയായി. ഉണങ്ങിയ അസ്ഥികൾ ഉല്ലസിക്കുമെന്നു പറഞ്ഞപോലെ, സിംഹത്തിന്റെ എല്ലുകൾ വീഞ്ഞിൽ ഇട്ടു കുടിക്കുന്നു.  വേട്ട നടക്കുന്നത് തിരിച്ചറിഞ്ഞ  സിംഹങ്ങൾ  കാടിന്റെ നിയമം തെറ്റിച്ച്  ലക്കില്ലാതെ കറങ്ങി നടക്കുകയാണ്.

പണ്ടു സിംഹം ബോട്സ്വാനയിൽ ചില സ്ഥലങ്ങളിൽ മാത്രം കൂട്ടമായി തമ്പടിച്ചിരുന്നുവെങ്കിൽ ഇന്ന് അങ്ങനെയല്ല . വെള്ളം ഇഷ്ടമല്ലാത്ത സിംഹങ്ങൾ ഇപ്പോൾ വെള്ളം ഉള്ള സ്ഥലത്തു തമ്പടിച്ചിരിക്കുന്നു.
വടക്കൻ ഒക്കവാംഗോ ഡെൽറ്റയിലെ സിംഹങ്ങളുടെ ജലകാഴ്ചകൾ കാണാൻ നല്ല രസമാണ് ഇവ അപൂർവമായേ, വേട്ടയാടുന്നുള്ളു.

സിംഹങ്ങളുടെ മാന്യത കൊണ്ടാണ്, ഇവിടെ സിംഹങ്ങളുടെ പ്രതിമ മിക്ക വീടുകളിലും  കാണാം . ഇവിടുത്തുകാർക്ക്  കാടിന്റെ ഭാഷ നന്നായറിയാം .


ബോട്സ്വാനയിലെ മൗണിൽ നിന്നും 291 കിലോമീറ്റർ ദൂരെയുള്ള "ചോബേ" വനത്തിലെ സിംഹ തറവാട്ടിലേക്ക് ഞങ്ങൾ  യാത്ര പോയി . ഏറ്റവും മികച്ച സിംഹ കാഴ്ചകൾ സാവുട്ട് ചോബ് നാഷണൽ പാർക്കിലാണ്.   ഞങ്ങളുടെ വണ്ടി സാവൂട്ടി വനത്തിനുള്ളിൽ കയറി മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം ആളുകൾ കൂടി നിൽക്കുന്നു, ഞങ്ങൾ അവിടേക്കു ചെന്നപ്പോൾ കാടിന്റെ ഓമന സിംഹമായ ഡാർവിന്റെ -പെൺ സിംഹം പ്രസവിച്ചു കിടക്കുന്നു, മൂന്നു കുഞ്ഞുങ്ങളുണ്ട്. വേട്ടക്കാരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ സിംഹ കുഞ്ഞുങ്ങളെ  അവയുടെ രഹസ്യ ഗുഹയിൽ മറച്ചു വെക്കുന്നു.

ഞാൻ കാടിന്റെ നിയമപാലകരോട് ചോദിച്ചു, ഇവിടെ ഒരുപാടു സിംഹങ്ങൾ  പ്രസവിക്കുന്നു അതൊന്നും നിങ്ങൾ കാര്യമാക്കുന്നില്ല. എന്താണ് ഈ ഡാർവിൻ സിംഹത്തെ ഇങ്ങനെ സ്‌നേഹിക്കുന്നത്?

അവർ പറഞ്ഞു, 12 വയസ്സുള്ള ഒരു പെൺകുട്ടിയെ ഈ ഡാർവിൻ സിംഹം രക്ഷപെടുത്തി.

കള്ളന്മാർ തട്ടിക്കൊണ്ടു പോയ ഒരു പെൺകുട്ടിയെ രക്ഷിച്ചു. കള്ളന്മാരെ സിംഹം ഓടിച്ചു കളഞ്ഞു.
കുട്ടിയേ കാത്തു സൂക്ഷിച്ചു അതാണ് ഡാർവിൻ.

പോലീസ് സംരക്ഷിക്കുന്നതു വരെ കുട്ടിയെ  ക്ഷമയോട്
കാത്ത സിംഹം. ആ സിംഹം കള്ളനെ തുരത്തിയില്ലങ്കിൽ  പുരുഷന്മാർ പെൺകുട്ടിയെ  മർദിക്കുമായിരുന്നു.
പോലീസും പെൺകുട്ടിയുടെ കുടുംബവും എത്തുന്നതു വരെ സിംഹം അവൾക്ക്  അര ദിവസം കാവൽ നിന്നു, തുടർന്ന് സിംഹം അവളെ ഒരു സമ്മാനം പോലെ ഉപേക്ഷിച്ചു പോയി. സിംഹം രക്ഷിച്ചതിന്റെ  കാരണം എന്താണന്നു ഞങ്ങൾ, കാവൽ നിന്ന വനപാലകരോട് ചോദിച്ചു.

അവർ പറഞ്ഞു, പെൺകുട്ടി ചിണുങ്ങുന്നത് ഒരു സിംഹക്കുട്ടിയിൽ നിന്നുള്ള മേറ്റിങ് ശബ്ദമാണെന്ന് സിംഹം തെറ്റിദ്ധരിച്ചതാണന്ന് വന്യ മൃഗ ഡോക്ടർ സാക്ഷ്യപ്പെടുത്തിയെന്ന് . 
പെൺകുട്ടിയുടെ കരച്ചിൽ കേട്ടു സിംഹം തെറ്റിദ്ധരിച്ചത് ഭാഗ്യമായെന്ന്  ഗ്രാമീണ വികസന മന്ത്രാലയത്തിലെ വന്യജീവി വിദഗ്ധൻ പറഞ്ഞു..

ചൈനക്കാർ വേട്ടയാടലിനു ശേഷം, സിംഹത്തിന്റെ  അസ്ഥികൾ വീഞ്ഞിൽ ഇട്ടു ഉപയോഗിക്കാനോ കേക്കുണ്ടാക്കാനോ ഉപയോഗിക്കുന്നു, അത്  വലിയ തുകയ്ക്ക് വിപണികളിൽ വിൽക്കുന്നു. 
സിംഹത്തിന്റെ നഖങ്ങൾ, പല്ലുകൾ, എല്ലുകൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവ ചൈനീസ് 'മരുന്നുകൾ', വൈനുകൾ, ആഭരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നതിനായി കശാപ്പ് ചെയ്യപ്പെട്ട സിംഹങ്ങളുടെ
അസ്ഥി വ്യാപാരം പൊടിപൊടിക്കുന്നു , സിംഹങ്ങൾ കാട്ടിൽ കുറയുന്നു.

ദക്ഷിണാഫ്രിക്കയിലെ അതിശയിപ്പിക്കുന്ന 333 ഫാമുകളിൽ  ആയിരക്കണക്കിന് സിംഹങ്ങളെ വളർത്തുന്നു, ഒന്നുകിൽ വേട്ടക്കാർ വേലി കെട്ടിയ ചുറ്റുപാടുകളിൽ അവയെ വെടിവച്ചു കൊല്ലുകയോ അസ്ഥികൾക്കായി അറുക്കുകയോ ചെയ്യുന്നു.
  ടൈഗർ ബോൺ വൈൻ അല്ലെങ്കിൽ കേക്ക് എന്ന പേരിൽ അസ്ഥികൾ ഏഷ്യയിൽ വ്യാജമായി വിപണനം ചെയ്യുന്നു. സിംഹ അസ്ഥികളുടെ വിപണനം വളർന്നു വരുന്ന ബിസിനസ്സാണ്,  ഈ അസ്ഥികൾ ദശലക്ഷക്കണക്കിന് ഡോളർ നേടുകയും വ്യവസായം വളരുകയും ചെയ്യുന്നു. ആഫ്രിക്കയിലെ സിംഹങ്ങളെ വംശ നാശത്തിലേക്ക് തള്ളി വിടുന്നു ക്രൂരമായ വേട്ടയാടലിനു ശേഷം.

ഞങ്ങൾ തിരിച്ചു വരുമ്പോൾ സവുട്ടി ഹില്ലിന്റെ മുകളിൽ പ്രാർത്ഥന നടക്കുന്നു.. ഞങ്ങളും അവിടെ അവരുടെ കൂട്ടത്തിൽ കൂടി. സ്വന്തമായ അന്തരീക്ഷമുള്ള ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വലിയ ഗെയിം ഏരിയകളിൽ ഒന്നാണ് സവുട്ടി.   

മലമുകളിൽ അക്കേഷ്യ വൃക്ഷത്തണലിൽ ഞങ്ങൾ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ മലയുടെ അടിവാരത്തിൽ എല്ലുകൾ കിടക്കുന്നു. എല്ലാവരും കണ്ണടച്ചു പ്രാർത്ഥിക്കുന്നു.


  ആ അസ്ഥികൾ കണ്ടതു മുതൽ എനിക്കു കണ്ണടച്ചു പ്രാർത്ഥിക്കാൻ കഴിയുന്നില്ല. എന്റെ ശ്രദ്ധ അങ്ങോട്ടാകർഷിച്ചു. പ്രാർത്ഥന നടന്നു കൊണ്ടിരിക്കുമ്പോൾ ഞാൻ പതുക്കെ ആ എല്ലു കൂട്ടിയിട്ടിടത്തേക്ക് ചെന്നു. അതിൽ വീതിയുള്ള എല്ലെടുത്തു കൈയിൽ പിടിച്ചു തിരിച്ചും മറിച്ചും നോക്കി. വീട്ടിൽ കൊണ്ടു വന്നു പെയിന്റ് ചെയ്തു അലങ്കരിക്കാമെന്നു കരുതി 

അപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നു പിടിച്ചു വാങ്ങിച്ചു
1000 പുല (ബോട്സ്വാന രൂപ) ഫൈൻ അടിച്ചു. ഇവിടെ ഒരു മൃഗത്തെയും തൊടാൻ പാടില്ല. അങ്ങനെ സിംഹത്തിന്റെ എല്ലു കിട്ടാത്ത സങ്കടത്തിൽ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു വരാനിറങ്ങി.  100 km ആയപ്പോൾ, ട്രെഡിഷണൽ ഭക്ഷണം വിൽക്കുന്ന കുടിൽ കണ്ടു ഞങ്ങൾ അവിടെ നിന്നും ചുട്ട ഇറച്ചി വാങ്ങി ക്കഴിച്ചു. നല്ല രുചിയുള്ള ഇറച്ചി. കഴിച്ചു കഴിഞ്ഞു കുറച്ചു വാങ്ങി വീട്ടിൽ കൊണ്ടു പോകണമെന്ന് തോന്നി . ഞാൻ ചോദിച്ചു എന്തിന്റെ ഇറച്ചി ആണിതെന്ന് , ആഫ്രിക്കൻ ഉറുമ്പിന്റെ  ഇറച്ചി ആണന്നു മറുപടി .(ആഡ്‌വാക്)

ആഫ്രിക്കയുടെ തെക്കേ ഭാഗങ്ങളിൽ കാണപ്പെടുന്ന രാത്രി സഞ്ചാരിയായ ഒരു സസ്തനി ജീവി വർഗ്ഗമാണ് ആഡ്‌വാക്. ആഫ്രിക്കൻ ഉറുമ്പുതീനിയെന്നും വിളിപ്പേരുള്ള ഇവ ടൂബുലിഡന്റേറ്റ എന്ന വർഗ്ഗത്തിൽ ഇപ്പോൾ ഭൂമുഖത്ത് അവശേഷിക്കുന്ന ഏക ജീവി വർഗ്ഗമാണ്.
ഉറുമ്പുതീനിയുടെ ഇറച്ചി ആണന്നറിഞ്ഞപ്പോൾ ഞങ്ങൾ  നാണം കെട്ടുപോയി, അവിടെയിരുന്ന ചൈനക്കാർ കളിയാക്കി ചിരിക്കുന്നു. കാരണം ഇന്ത്യക്കാർ പച്ചക്കറി മാത്രം തിന്നുമെന്നു പറഞ്ഞാണവർ    കേട്ടിരിക്കുന്നതത്രേ , അപ്പോൾ ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു അതെ,  ഞങ്ങൾ പല്ലിയെയും  പുഴുവിനേയും  തിന്നില്ല.