'അരികിൽ നീയില്ലായിരുന്നെങ്കിൽ...'; ബുക് റിവ്യൂ : ഡാലിയ ജോസഫ്
ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത, ഫോണിലാണെങ്കില്‍ത്തന്നെ വളരെക്കുറച്ചുമാത്രം പരിചയമുള്ള ഒരു എഴുത്തുകാരന്റെ നാലു പുസ്തകങ്ങള്‍ കഴിഞ്ഞ ദിവസം തപാലില്‍ കിട്ടി. പായ്ക്കറ്റു തുറന്നപ്പോള്‍ ആദ്യമിരിക്കുന്ന പുസ്തകത്തിന്റെ പേര് കണ്ണില്‍ കൊണ്ടുകയറി. 'അരികില്‍ നീയില്ലായിരുന്നെങ്കില്‍...' കൂടെയുണ്ടായിരുന്ന ആള്‍ പടിയിറങ്ങിപ്പോയിട്ട് ആണ്ടു തികയുന്നതേയുള്ളൂ... കണ്ണിലൊരു തുള്ളി ഇറ്റുവീഴാന്‍ മറന്ന് വരണ്ടുപോയി. വേവലാതിയോടെതന്നെയാണ് പേജുകള്‍ മറിച്ചത്. കേട്ടുതഴമ്പിച്ചവയും മൂളിനടക്കുന്നവയും നാവിലലിയുന്നവയുമായ ചില ഗാനങ്ങളെക്കറിച്ചുള്ള കുറിപ്പുകള്‍!
ഓഎന്‍വിത്തൂലികയിലെ കാവ്യമധുരംതന്നെയാണ് ആദ്യവായന. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍! ഞാന്‍ എന്തോ, എന്റെ കഴുത്തിലെ മാലയില്‍ വിരല്‍തൊട്ടു. ഒരു ചെറിയ കുരിശുമാത്രം. മിന്നഴിച്ചുവച്ചിട്ടു വര്‍ഷമൊന്നായി. ഒന്നുകൂടി കാണാന്‍... സ്വപ്നത്തിലെങ്കിലും... തുളുമ്പാനൊരുങ്ങിയ തുള്ളിയെ ഞാന്‍ കണ്ണിൽ ബലമായി പിടിച്ചുനിര്‍ത്തി.
കാമുകനാല്‍ പരിത്യക്തയായി റെയില്‍വേസ്റ്റേഷനില്‍ ഒറ്റപ്പട്ടുപോയ പെണ്‍കുട്ടിയുടെ കണ്ണുനീരില്‍ ഒരു സൂര്യന്‍ എരിഞ്ഞടങ്ങുന്നതു കണ്ടപ്പോള്‍ എന്റെ തൊണ്ടയില്‍ ഒരു കരച്ചില്‍ വിങ്ങിനിന്നു. ഇളം മഞ്ഞിൻ കുളിരുമായി വന്നവള്‍ ഹൃദയമുരളിക തകര്‍ന്ന് മടങ്ങിപ്പോകുന്നത് ജയരാജ് വരച്ച ചിത്രമാണ്. വേറെയൊരു വിപഞ്ചിയിലും പടര്‍ന്നുകയറാന്‍ ആ രാഗത്തിനാവില്ലെന്ന് പറയാതെ പറഞ്ഞ് അവള്‍ അകലെയെങ്ങോ മറഞ്ഞു.
ഉന്മാദത്തിന്റെയും കരച്ചിലിന്റെയും ദേവതകള്‍ കുടികൊള്ളുന്ന തറവാടിന്റെ അകത്തളങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ എനിക്കും ചിലപ്പോള്‍ തോന്നാറുണ്ട്. വൈദ്യുതിയില്ലാത്ത, പകല്‍ വെളിച്ചമില്ലാത്ത, മഴയുള്ള വൈകുന്നേരങ്ങളില്‍ ഞാനവിടെയുണ്ടെന്ന് എനിക്കു തോന്നുന്നു.
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അങ്ങാടി സിനിമ തിയേറ്ററില്‍ കാണുന്നത്. ഞാന്‍ ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമയും അതുതന്നെയാണെന്നു തോന്നുന്നു. ഞാന്‍ പക്ഷേ, സിനിമയൊന്നും കണ്ടില്ല. തിയേറ്ററില്‍ അമ്മയുടെ മടിയിലിരുന്നു നന്നായി ഉറങ്ങി. എന്തോ ശബ്ദം കേട്ടുണരുമ്പോള്‍ കണ്ണും കണ്ണും തമ്മില്‍ത്തമ്മില്‍ എന്ന പാട്ട് സ്‌ക്രീനില്‍... അന്തംവിട്ടു നോക്കുമ്പോള്‍ ഒരു ചെറുക്കനും പെണ്ണും ഓടി വരുന്നു... ഒന്നും മനസ്സിലായില്ല. വീണ്ടുമുറങ്ങി. പിന്നീടിതുവരെ ആ സിനിമ മുഴുവന്‍ കണ്ടിട്ടില്ല. പാട്ടുമുഴുവന്‍ കേള്‍ക്കാനും തോന്നിയിട്ടില്ല. എന്തോ അതിനോട് ഇഷ്ടം തോന്നിയിട്ടില്ല. പക്ഷേ, പ്രണയത്തിന്റെ മുഴുവന്‍ തീവ്രതയുമാവാഹിച്ച് ജയരാജ് പറഞ്ഞപ്പോഴാണ് ആ പാട്ട് ഇത്ര മനോഹരമാണെന്ന് എനിക്കു മനസ്സിലായത്. പിന്നെ ഇന്നലെ ആ പാട്ട് മുഴുവന്‍ കേട്ടു. പ്രണയത്തിന്റെ ആഴങ്ങളിലേക്കു വലിച്ചുകൊണ്ടുപോകുന്ന ആ വരികള്‍ എന്റെ കണ്ണിലും കവിളിലും ചുണ്ടിലുമൊക്കെ ഉമ്മവച്ചു. എന്നിട്ടു കാതില്‍ ചോദിച്ചു: എന്തേ, ഇത്ര വൈകി?
കരച്ചിലില്‍നിന്നു പ്രണയത്തിലേക്കു വന്ന എന്നെ വീണ്ടും കരച്ചിലിലേക്കു ജയരാജ് കൊണ്ടുപോയി. ഞാന്‍ കാണുന്ന നിറവും നീ കാണുന്ന നിറവും ഒന്നുതന്നെയാണോ എന്ന് ഞാന്‍ പലവട്ടം എന്റെ കൂട്ടുകാരിയോടു ചോദിച്ചിട്ടുണ്ട്. അവളുടെ ചിരിയില്‍ പരിഹാസമാണോ പുച്ഛമാണോ എന്ന് ഞാന്‍ നോക്കിയിട്ടില്ല. പക്ഷേ, ഇത്തിരി സഹതാപമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതും ഞാന്‍ കാര്യമാക്കിയിട്ടില്ല.
ഞാന്‍ വളര്‍ത്തിയ മാടത്ത നന്നായി ഇണങ്ങിയിരുന്നു. അവളെ കൂട്ടിലടച്ചിടാറേയില്ല. 'ഡാലിയാ...' എന്ന് നീട്ടി വിളിക്കും. മഞ്ഞമഷികൊണ്ടു കണ്ണെഴുതിയ സുന്ദരി... അവളെയും പൂച്ച പിടിച്ചു. ഞാന്‍ കരയാതെ, അനങ്ങാതെ ഇരിക്കുന്നതു കണ്ട് അമ്മ പേടിച്ചുപോയി. അന്നാണ് ആദ്യമായി എനിക്ക് ഫിക്‌സ് ഉണ്ടായതെന്ന് അമ്മ പറഞ്ഞു. പിന്നെ അവളെയോര്‍ക്കുന്ന പലപ്പോഴും എനിക്കതുണ്ടായി. ജയരാജിന്റെ, പൂച്ച പിടിച്ച തത്തമ്മയെ നോക്കിക്കരഞ്ഞ, കൂട്ടില്‍ കിടക്കുന്ന തത്തമ്മ, പച്ചനിറമുള്ള ഒരു വലിയ കണ്ണീര്‍ത്തുള്ളിയായി പിന്നെയും എന്നെ നനച്ചു.
ആദ്യപുസ്തകത്തിലെ പാട്ടുകളെക്കുറിച്ചുമാത്രമാണ് ഞാന്‍ പറഞ്ഞത്. ആറടിമണ്ണിന്റെ പാട്ടുകാരന്‍, മാനസവീണയില്‍നിന്നൊരു ഗാനം എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍കൂടിയുണ്ട്. സിനിമാഗാനങ്ങളെക്കുറിച്ചുള്ള കവിതകള്‍... എനിക്കങ്ങനെയാണു തോന്നിയത്.
ഓരോ പാട്ടും ഓര്‍മ്മിപ്പിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെയാണ് ജയരാജ് നമ്മെ പരിചയപ്പെടുത്തുന്നത്. ആ പാട്ട് ജയരാജിന്റെ ഹൃദയത്തിന്റെ എത്ര ആഴങ്ങളില്‍ക്കൂടിയാണ് കടന്നുപോകുന്നതെന്ന് നമുക്കു തൊട്ടറിയാം. അയാള്‍ നമ്മെ പാട്ടുകള്‍കൊണ്ട് കരയിക്കുകയാണ്. ഒപ്പം, അയാളും കരയുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചുമൊക്കെ വളരെ നിഷ്‌കളങ്കമായ ഒരു തുറന്നെഴുത്താണിത്. അതില്‍ ഒരു കലാകാരന്റെയും കവിയുടെയും എഴുത്തുകാരന്റെയും മുഴുവന്‍ ചാരുതയുമുണ്ട്. വാചാലമായ മൗനം നിറഞ്ഞുനില്‍ക്കുന്ന വരികള്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും കടലിരമ്പുന്നുണ്ടിവിടെ.
മനോഹരമായ ഭാഷ. അക്ഷരശുദ്ധി, വ്യാകരണഭംഗി... തീര്‍ച്ചയായും പൂര്‍ണ്ണതയുള്ള ഭാഷയുപയോഗിക്കുന്ന മലയാളി.
ഒരു വായനത്തൊഴിലാളി(പ്രൂഫ് റീഡര്‍)യായ എനിക്ക് വായിച്ചുതുടങ്ങിയിട്ട് തീരാതെ താഴെവയ്ക്കാന്‍ തോന്നാത്ത കുറച്ചു പുസ്തകങ്ങളേ ഓര്‍മ്മയിലുള്ളൂ. ''അരികില്‍ നീയില്ലായിരുന്നെങ്കില്‍...'' അതില്‍ പ്രധാനപ്പെട്ടതാണ്.
തീര്‍ച്ചയായും
വായിക്കേണ്ട പുസ്തകങ്ങള്‍... ജയരാജ് മിത്ര എഴുതി മിത്രാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചവയാണിത്.
94470 35552, 94000 45552
ഒരു ഫോണ്‍ കോളിനപ്പുറത്ത് അവരുണ്ട്. വിളിക്കൂ... തീര്‍ച്ചയായും അയച്ചുതരും.