അറ്റ്‌ലസ് രാമചന്ദ്രന്‍ ഇനി ഓര്‍മ

അറ്റ്‌ലസ് രാമചന്ദ്രന്‍ ഇനി ഓര്‍മ

 

ദുബൈ: അന്തരിച്ച വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രന്​ കോവിഡ്​ സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

ഇതോടെ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. ദുബായ് ജബല്‍ അലിയിലെ ശ്മശാനത്തിലാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌ക്കാരം നടന്നത്.

വ്യവസായി എന്നതിനപ്പുറം മലയാളികള്‍ക്ക് ഏറെ പരിചയമുളള മുഖമായി അദ്ദേഹം മാറിയത് അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ അദ്ദേഹം മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റി.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അറ്റലസ് ഗ്രൂപ്പിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. കേരളത്തില്‍ കൂടാതെ യുഎഇയിലും സൗദി അറേബ്യയിലും കുവൈത്തിലുമടക്കം അറ്റ്‌ലസ് ജ്വല്ലറിക്ക് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നു. ജ്വല്ലറി ബിസ്സിനസ്സും ചലച്ചിത്ര നിര്‍മ്മാണവും കൂടാതെ ആരോഗ്യ രംഗത്തും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അറ്റ്‌ലസ് രാമചന്ദ്രന് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു.

മികച്ച പ്രവാസി വ്യവസായി എന്ന നിലയില്‍ മുന്നോട്ട് പോകുമ്ബോഴാണ് 2015ല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ആകെ തകിടം മറിച്ച കേസുണ്ടാകുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 55 കോടി ദിര്‍ഹത്തിന് മുകളില്‍ വരുന്ന പണം തിരിച്ച്‌ അടക്കാനാകാതെ വന്നതോടെയാണ് കേസ് വന്നത്. 2015 ഓഗസ്റ്റില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായി. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്. 2018ല്‍ അദ്ദേഹം ജയില്‍ മോചിതനായി. വീണ്ടും ബിസിനസ്സില്‍ സജീവമാകാനുളള നീക്കങ്ങള്‍ നടക്കേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

വയറിലെ മുഴയുമായി ബന്ധ​പ്പെട്ട ചികിത്സക്കായാണ്​ അറ്റ്​ലസ്​ രാമചന്ദ്രനെ മൂന്ന്​ ദിവസം മുന്‍പ്​ ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

എന്നാല്‍, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ്​ മരണത്തിലേക്ക്​ നയിച്ചത്​. യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ മരണ സമയത്ത്​ ഒപ്പമുണ്ടായിരുന്നു.

മകന്‍ ശ്രീകാന്ത്​ യു.എസിലാണ്​.