അഷ്ടമിയും വിശ്വബ്രാഹ്മണരും: വൈക്കം സുനീഷ് ആചാര്യ

അഷ്ടമിയും വിശ്വബ്രാഹ്മണരും: വൈക്കം സുനീഷ് ആചാര്യ

 

വൈക്കത്തഷ്ടമി സ്പെഷ്യൽ

 

വൈക്കം ക്ഷേത്രത്തിന്റെ ശ്രീകോവിൽ ശില്പങ്ങൾ, തിടമ്പുകൾ, തിരുവാഭരണങ്ങൾ ഇവ നിർമിച്ചത് വടക്കുംകൂർ മഹാരാജാവ് തിരുനെൽവേലി സ്വാമിയാർ മഠത്തിൽ നിന്നു വിളിച്ചു വരുത്തിയ വിശ്വബ്രാഹ്മണ ശില്പികളാണ്..  വിശ്വബ്രാഹ്മണരെ കൊണ്ട്  ശില്പങ്ങളും തിരുവാഭരണങ്ങളും നിർമ്മിക്കുന്നത് അക്കാലത്ത് വലിയ അന്തസ്സായി ഭരണാധികാരികൾ കരുതിയിരുന്നു. 

ദശാബ്ദങ്ങൾക്കു മുൻപ് തമിഴ്നാട്ടിലെ ശങ്കരൻകോവിൽ തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ തെക്കുംകൂർ,വടക്കും കൂർ  നാടുവാഴികളുടെ  ക്ഷണം സ്വീകരിച്ചു വന്നവരാണ് തമിഴ് വംശജരായ വിശ്വബ്രാഹ്മണർ. സ്വർണം- വെള്ളി, ആഭരണ നിർമാണം, ദേവശില്പ നിർമാണം , വിഗ്രഹ പ്രതിഷ്ഠ കർമ്മം എന്നിങ്ങനെ കുലത്തൊഴിലുകൾ ഉപജീവനത്തിനായി ചെയ്തുപോന്ന ഇവർ കുലദേവതകളെ പോകുന്ന ഇടങ്ങളിൽ കൂടെ കൊണ്ടുപോകുകയും വാസ സ്ഥലങ്ങളിൽ സ്ഥാപിച്ച് ആരാധിച്ചും വന്നിരുന്നു.

കേരളത്തിൽ എഴുപത്തിയാറരക്കരകളിലാണ് വിശ്വബ്രഹ്മണർ ഉള്ളത്. ഇതിൽ ആചാര വ്യത്യാസങ്ങളുടെ പേരിൽ നൽപ്പത് കരകളും മുപ്പത്തിയാറരക്കരകളുമായി രണ്ടായിപിരിഞ്ഞു. തമിഴ് വിശ്വബ്രാഹ്മണ സമൂഹം, തമിഴ് വിശ്വബ്രഹ്മ സമാജം എന്നിങ്ങനെ പ്രധാനമായും അറിയപ്പെട്ടിരുന്നത്. തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നു. വിവാഹത്തിനു ശിവലിംഗ താലിയും ലക്ഷ്മി താലിയും ഉപയോഗിക്കുന്നു.

മുപ്പത്തിയാറരക്കരക്കാരുടെ മൂലസ്ഥാനം വൈക്കമായി പരിഗണിക്കുന്നു. വൈക്കം ക്ഷേത്രത്തിൽ അഷ്ടമിക്ക് സമൂഹ സന്ധ്യാവേല നടത്തുന്നുണ്ട്.

വൈക്കത്തഷ്ടമിക്കു മുന്നോടിയായി പ്രദേശവാസികളായ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവർ വൈക്കത്തപ്പന് സമർപ്പിക്കുന്ന ഏറ്റവും വിശേഷപ്പെട്ട വഴിപാട് ആണ് " സമൂഹ സന്ധ്യാവേലയും ആയിരം കുടം അഭിഷേകവും ".  ആഭരണനിർമ്മാണം ചെയ്യുന്ന തമിഴ് വിശ്വബ്രാഹ്മണർ,നമ്പൂതിരി സമാജം(യോഗ ക്ഷേമ സഭ ), തെലുങ്ക് ബ്രാഹ്മണർ, തമിഴ് ബ്രാഹ്മണ സമൂഹം എന്നിവരാണ് സന്ധ്യാവേല വഴിപാട്  അർപ്പിക്കുന്നത്.

വൈക്കം കാളിയമ്മനടക്ഷേത്രം വിശ്വബ്രാ ഹ്മണരുടെ കുലദേവത ക്ഷേത്രമാണ്. കുലശേഖരമംഗലത്തെ വിശ്വബ്രാഹ്‌മണരുടെ മരവട്ടിക്കൽ തറവാട്ടിൽ നിന്നും വൈക്കത്തുള്ള പഴയപറമ്പിൽ വീട്ടിലേക്ക് മകളെ വിവാഹം കഴിച്ചയച്ചപ്പോൾ അച്ഛൻ മകൾക്കു അനുഗ്രഹിച്ചു നൽകിയതാണ് കുടുംബ ദൈവമായി ആരാധിച്ചിരുന്ന കാളിയമ്മ ദേവീ വിഗ്രഹം . പറമ്പിലെ വൃക്ഷച്ചുവട്ടിൽ വെച്ച് നിത്യവും വിളക്കു കൊളുത്തി പൂജിക്കുമായിരുന്ന  ദേവീ വിഗ്രഹമാണ് ഇന്ന് കാണുന്ന കാളിയമ്മദേവി.

മഠാധിപതി ആയിരുന്ന ശ്രീ ശിവഷണ്മുഖ ഞ്ജാനാചാര്യ ഗുരു സ്വാമികൾ സമാധി ആയതിനു ശേഷം ഇപ്പോൾ വിശ്വബ്രാഹ്മണരുടെ മഠാധിപതി ശ്രീ ശിവശ്രീ ശിവരാജ ഗുരു സ്വാമികൾ ആണ്.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം രണ്ടായിരത്തി നാനൂറ്റിയിരുപത് വർഷം പഴക്കമാണ് വിശ്വബ്രാഹ്മണരുടെ ആദിശിവലിംഗാചാര്യ മഠത്തിനുള്ളത്.