അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി

അരുണ്‍ ഗോയലിന്റെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതി

 

ഡല്‍ഹി: അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മിഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനം മിന്നല്‍ വേഗത്തില്‍ ആയിരുന്നെന്ന് സുപ്രീം കോടതി.

ധൃതിപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഗോയലിന്റെ ഫയല്‍ ക്ലിയര്‍ ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച്‌ അരുണ്‍ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്തു തരത്തിലുള്ള വിലയിരുത്തലാണ് ഇതെന്നായിരുന്നു, ഫയല്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന്റെ പ്രതികരണം. "അരുണ്‍ ഗോയലിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതു വിലയിരുത്തിയ പ്രക്രിയ പരിശോധിക്കേണ്ടതാണ്"- കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തില്‍ വസ്തുതകള്‍ സമഗ്രമായി പരിശോധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ആവശ്യപ്പെട്ടു. അതുവരെ കമന്റുകള്‍ പാസാക്കരുതെന്നും അറ്റോര്‍ണി ജനറല്‍ അഭ്യര്‍ഥിച്ചു.

ഒറ്റ ദിവസം കൊണ്ടാണ് ഗോയലിന്റെ സ്വയം വിരമിക്കല്‍, ഒറ്റ ദിവസം കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പേര് നിയമ മന്ത്രാലയം അംഗീകരിച്ചത്, നാലു പേരുടെ പാനല്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയും ഇരുപത്തിനാലു മണിക്കൂറിനകം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു- കോടതി ചൂണ്ടിക്കാട്ടി.