ഓണസമ്മാനമായി സൗദി അറേബ്യയിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ഓണസമ്മാനമായി  സൗദി അറേബ്യയിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച്  എയര്‍ ഇന്ത്യ

തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ടിയാല്‍) അറിയിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതെന്ന് ടിയാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 521 എന്ന വിമാനം എല്ലാ തിങ്കളാഴ്ചയും രാത്രി 7. 55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10. 40 ന് റിയാദിലെത്തും. തിരിച്ച്‌ IX 522 വിമാനം അതേദിവസം രാത്രി 11.20 ന് റിയാദില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തുമെന്നും ടിയാല്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, ഓണത്തിന് പ്രത്യേക ഓഫറുകള്‍ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 315 ദിർഹമാണ് നിരക്ക്. റൗണ്ട് ട്രിപ്പാണെങ്കില്‍ 880 ദിർഹം നല്‍കിയാല്‍ മതി.അതേസമയം കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 14,100 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. റൗണ്ട് ട്രിപ്പാണെങ്കില്‍ 25,955 രൂപയാണ് നല്‍കേണ്ടത്. ഈ മാസം എട്ട് മുതല്‍ 29 വരെ യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.